01

പട്ടം

കോട്ടയം സ്വദേശി ഡാനിയേലും കുറ്റിയാടിക്കാരി ശ്രീതികയും ഒരു ദിവസം കൊണ്ട് കൊച്ചി കണ്ടുതീർക്കുക എന്ന ശ്രമകരമായ ദൗത്യത്തിലായിരുന്നു. ‘ക്രൂയിസ് ’ യാത്രയെന്ന് പേരിട്ടിരുന്ന ഒരു ഹൗസ് ബോട്ട് യാത്രയിലൂടെയാണ് അവർ യാത്ര ആരംഭിച്ചത്. ഹോട്ടലിലെ ഇംഗ്ലീഷ് പ്രാതൽ അവർക്ക് അത്ര ബോധിച്ചില്ല. അത് വക വയ്ക്കാതെ അവർ യാത്ര തുടർന്നു. ഉച്ചയ്ക്ക് അവർ തെരുവകളുടെയും വഴിയോരകലാസൃഷ്ടികളുടെയും ഭംഗി ആസ്വദിച്ച് കൊച്ചിയാകെ സഞ്ചരിച്ചു. വൈകുന്നേരമായപ്പോഴേക്കും ഫോർട്ട് കൊച്ചി ബീച്ച് കാണണമെന്ന് അവർക്ക് തോന്നി. പ്രണയം സിനിമയിലെ ഗ്രേസും മാത്യൂസും കടൽ കാണാനെത്തുന്ന അതേ തീരം. കടൽ തീരത്ത് കാറ്റുകൊണ്ട് ഇരിക്കുമ്പോൾ ഒരു കുഞ്ഞ് കുട്ടിയുടെ കൈയിലുള്ള പട്ടത്തിലേക്ക് ഡാനിയേലിന്റെ കണ്ണുകൾ പാഞ്ഞു. തീരത്ത് പട്ടം വിറ്റുകൊണ്ടിരുന്ന ഒരു മധ്യവയസ്കന്റെ കൈയിൽ നിന്നു അവർ ഒരു പട്ടം വാങ്ങി. 100 രൂപയ്ക്ക് വാങ്ങാൻ അവർ ശ്രമിച്ചെങ്കിലും 150ന് താഴെയുള്ള ഒരു തുക കച്ചവടക്കാരൻ സമ്മതിച്ചില്ല.

ആ പട്ടം പറത്താൻ അവർ കുറച്ചധികം ശ്രമിച്ചു. കാറ്റിൻ്റെ പ്രതീക്ഷിക്കാത്ത ദിശയും, കുറഞ്ഞ വേഗതയും പട്ടം പറത്താനുള്ള അവരുടെ ആഗ്രഹത്തെ തല്ലിക്കെടുത്തി. തീരത്തിൻ്റെ ഒരറ്റം മുതൽ മറുവശം വരെ ഓടിനോക്കിയിട്ടും പരാജയം മാത്രമായിരുന്നു ഫലം. രാത്രിയായതോടെ അവർ യാത്ര മതിയാക്കി തിരിച്ചുപോന്നു. തിരികെയുള്ള യാത്രയിൽ ആ പട്ടവും അവരുടെ ഒപ്പമുണ്ടായിരുന്നു. ആ പട്ടം പിന്നീട് ഒരിക്കൽ ആകാശം മുട്ടെ ഉയർത്തി പറത്തണമെന്ന് അവർ തിരിച്ചുള്ള ട്രെയിൽ യാത്രയിൽ തീരുമാനിച്ചു. എന്നാൽ ആ യാത്ര ഉടനെയൊന്നും ഉണ്ടാവില്ല എന്നവർ കരുതിയില്ല.

ശ്രീതിക ആ പട്ടം തൻ്റെ മുറിയിൽ ഒരു പത്രത്തിൻ്റെ ചരമപ്പേജിൽ പൊതിഞ്ഞു സൂക്ഷിച്ചു. കൊറോണയും പേമാരിയും ആ യാത്ര പിന്നെയും വൈകിച്ചു. എപ്പോഴോ ആ പട്ടം കടൽ തീരത്ത് ഉയർന്നു പൊങ്ങി. പക്ഷേ അത് ശ്രീതികയുടെയു ഡാനിയേലിന്റെയും കൂട്ടുകാരുടെ കൈയ്കളാൽ ആയിരുന്നു. ഇതും കൂടെ ആയപ്പോൾ അവരുടെ ആഗ്രഹം പിന്നെയും വർധിച്ചു. പരീക്ഷകളും മറ്റു തിരക്കുകളും ആ അവസരം വീണ്ടും അകലെയാക്കി.

ഒരിക്കൽ കടൽ കാണാൻ അവർ രണ്ടും തുനിഞ്ഞിറങ്ങി. പട്ടം എടുക്കാൻ അവർ മറന്നിരുന്നില്ല. കടൽ തീരത്ത് എത്തിയപ്പോൾ നല്ല കാറ്റ്. അവർ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഒരു ചെറുപുഞ്ചിരി പാസാക്കി. അന്ന് തിരകൾ വളരെ ഉയരത്തിൽ കരയ്ക്കടുത്തു. പട്ടം പറത്താനുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചു. കാറ്റുണ്ടായിട്ടും പട്ടം നിലത്തുനിന്ന് അധികം ഉയരാതെ വട്ടത്തിൽ കറങ്ങുന്നത് കണ്ടു ഡാനിയേലിന്റെ ആവേശം തണുത്തുറഞ്ഞു. എന്നാൽ പട്ടത്തിൻ്റെ കുറുകെ കുരുക്കിയ നൂല് ശ്രീതിക പൊട്ടിച്ച് കളഞ്ഞതോടെ പട്ടം പറത്തുന്ന സ്വപ്നത്തിന് വീണ്ടും ചിറകുകൾ മുളച്ചു.

ഡാനിയേൽ നൂല് അഴിച്ചു വിടുന്നതനിനുസരിച്ച്, ശ്രീതിക പട്ടം ഉയരെ പറത്തി. അവിടെ കളിച്ചുകൊണ്ടിരുന്ന ഒരു ബാലൻ അവരുടെ അടുത്ത് വന്നു. ആ പട്ടം അവർ അവനു പറത്താൻ നൽകി. കുറച്ചധികം നേരം അവർ എബിൻ എന്ന് പേരുള്ള ആ ബാലൻ്റെ കൂടെ പട്ടം പറത്തി സമയം ചിലവഴിച്ചു. പോകാൻ നേരം ഒരു ചെറിയ ജാള്യതയോടെ, ആ പട്ടം തനിക്ക് തരുമോയെന്ന് എബിൻ അവരോട് ചോദിച്ചു. ആ പട്ടം അവനു കൊടുത്തിട്ട് അവർ നടന്നകന്നു. കടൽ തീരത്തുകൂടെ നടക്കുമ്പോൾ അവർ തങ്ങളുടെ കാലുകൾ കടൽ വെള്ളത്തിൽ ചെറുതായി ഒന്ന് മുക്കി. ശ്രീതികയുടെ മെലിഞ്ഞ കാലുകളെ കളിയാക്കിക്കൊണ്ട് ഡാനിയേൽ പറഞ്ഞു, നിൻ്റെ കാലുകൾ മണിരത്നം സിനിമയിൽ അഭിനയിക്കാനുള്ള അത്ര ഭംഗി ഉണ്ടെന്ന്. നീ പോടാ തടിയാ എന്ന് വിളിച്ചുകൊണ്ട് അവൾ അവനെ ചെറുതായി ഒന്ന് തള്ളി. രണ്ടുപേരും ഉറക്കെ ചിരിച്ചുകൊണ്ട് നടന്നകന്നു.

ഫോർട്ട് കൊച്ചിയിൽ നിന്ന് കോട്ടയംകാരൻ ഡാനിയേലും കോഴിക്കോടുകാരി ശ്രീതികയും പിരിവിട്ട് വാങ്ങിയ ആ പട്ടം ഇന്ന് പള്ളിത്തുറ ബീച്ചിലെ എബിന്റെ പച്ചവീട്ടിലെ ഭിത്തിയിൽ തൂങ്ങി കിടപ്പുണ്ടായിരിക്കും.

Write a comment ...

Write a comment ...