01

ഖസാക്ക്

ശ്രീയുടെ പ്രിയപ്പെട്ട പുസ്തകമാണ് ഒ.വി. വിജയൻ്റെ ‘ഖസാക്കിൻ്റെ ഇതിഹാസം’. കരിമ്പനകളാൽ നിറഞ്ഞ രവി മാഷിന്റേയും,  അള്ളാപ്പിച്ചാമൊല്ലാക്കയുടെയും, അപ്പുക്കിളിയുടെയും, മൈമൂനയുടെയും കുഞ്ഞാമിനയുടെയും സ്വന്തം ഖസാക്ക് ഒരിക്കൽ കാണണമെന്നത് അവളുടെ മനസ്സിൽ ചെറുപ്പത്തിലേ കേറിക്കൂടിയ ഒരു ആഗ്രഹമായിരുന്നു. പാലക്കാട് കാണാൻ പോകുകയാണെങ്കിൽ ഹൃദയം സിനിമയിലെ ആ അമ്പലം ഇരിക്കുന്ന മലയിലും പോകണം എന്ന് ഞാനും പറഞ്ഞു. അമിൻ എന്ന ഞങ്ങളുടെ കൂട്ടുകാരിയും കൂടെ വരാമെന്ന് പറഞ്ഞു. മാഗസിനിൽ ചേർക്കാൻ ഒരു യാത്ര ലേഖനം കൂടി എഴുതാം എന്ന ആശയത്തിൽ, പ്രിയപ്പെട്ട രണ്ടു ജൂനിയേഴ്സും കൂടെ കൂടി; ഹമ്നയും ഫാസിലും.  രാവിലെ എത്തത്തക്ക രീതിയിൽ ഞങ്ങൾ അഞ്ച് പേരും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കായി ഒരുങ്ങി.

                വൈകുന്നേരം തമ്പാനൂർ ആരിയാസിൽ നിന്ന് വയറു നിറച്ച് കഴിച്ച് ട്രെയിനിൽ ചെന്ന് വിശ്രമിക്കാം എന്ന് വിചാരിച്ച് കമ്പാർട്ട്മെൻ്റിൽ കയറിയപ്പോൾ ഞങ്ങളുടെ സീറ്റുകൾ എല്ലാം ജനറൽ സീറ്റുകൾ ആണെന്ന് പറഞ്ഞു ഒരു കൂട്ടം 'അതിഥി തൊഴിലാളികൾ' അവിടെ തമ്പടിച്ചിരിക്കുന്നു. അറിയാവുന്ന ഭാഷയിൽ എല്ലാം കാര്യം അവർക്ക് പറഞ്ഞു കൊടുത്തു എങ്കിലും അവർ ഞങ്ങളുടെ സീറ്റുകൾ തിരിച്ചു തരാൻ സാധ്യതകൾ ഒന്നും ഞങ്ങൾ കണ്ടില്ല. ഞങ്ങളെ പോലെ സീറ്റ് നഷ്ടപെട്ട ഒരു ചേട്ടനെയും കൂട്ടി റെയിൽവേ പോലീസിനെ ഞങ്ങൾ സമീപിച്ചു. അവർ വന്നപാടെ ഇവരെ എല്ലാം ജനറൽ കമ്പാട്ട്മെൻ്റിലേയ്ക്ക് ഓടിച്ചു. തെല്ലൊന്നു കുറ്റബോധം തോന്നിയെങ്കിലും വിശാലമായ ഞങ്ങളുടെ സീറ്റുകളിൽ നീണ്ടു നിവർന്നു വിശ്രമിക്കാം എന്ന് കണ്ടപ്പോൾ സന്തോഷമായി. ആ സന്തോഷം അധികനേരം നിലനിന്നില്ല. അടുത്ത സ്റ്റേഷൻ ആയപ്പോൾ ഭായിമാർ തിരിച്ചു വന്നു. വീണ്ടും അത് അലോസരപ്പെടുത്തിയെങ്കലും കഥ ഒക്കെ പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു.

അതിരാവിലെ അവിടെ എത്തിയതിനാൽ ബസിനും ഓട്ടോയ്ക്കും ആയി കുറച്ചധികം നേരം അവിടെ കാത്തിരിക്കേണ്ടി വന്നു. എന്നാൽ രാവിലെ തന്നെ അമ്പലം കാണാം എന്ന് തീരുമാനിച്ച് ഞങ്ങൾ പാലക്കാടുള്ള ശ്രീലാലിനെ വിളിച്ചു വഴി ഒക്കെ ചോദിച്ചറിഞ്ഞു. പറഞ്ഞ സ്ഥലം ആയപ്പോൾ കണ്ടക്ടർ എന്നോട് സൂചിപ്പിച്ചു. ഞങ്ങൾ അഞ്ച് പേരും വേഗം തന്നെ വണ്ടിയിൽ നിന്ന് ഇറങ്ങി. അവിടെ ഉണ്ടായിരുന്ന ഒരു തട്ടുകടയിൽ നിന്നും നല്ല ചൂട് വടയും ചായും കുടിച്ചു അടുത്ത് കണ്ട ചേച്ചിയോട് മലമുകളിലുള്ള അമ്പലത്തിലേക്കുള്ള വഴി ചോദിച്ചു ഞങ്ങൾ യാത്ര തുടർന്നു. ഇൻ്റർനെറ്റിൽ കണ്ട ചെറിയ മലയെ മനസ്സിൽ ധ്യാനിച്ച് ഞങ്ങൾ മല കയറി തുടങ്ങി. കയറും തോറും കയറാനുള്ള ബുദ്ധിമുട്ട് കൂടിവരുന്നത് പോലെ ഞങ്ങൾക്ക് തോന്നി. ഈ സിനിമാക്കാർ എങ്ങനെ ഇതിന് മുകളിൽ കയറി എന്ന് മനസ്സിൽ ചിന്തിച്ച് കൊണ്ട് എല്ലാവരും കുറച്ചധികം കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ മലമുകളിൽ എത്തി. 

കേറി ചെന്നപാടെ ഞങ്ങൾ അമ്പലം എവിടെ എന്ന് പരതി. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട്, അതാ സിനിമയിൽ കണ്ട അമ്പലത്തിനു പകരം അവിടെ ഒരു ചെറിയ അമ്പലം. പിന്നീടാണ് ഞങ്ങൾക്ക് ആ സത്യം മനസ്സിലായത്. പല്ലശനയിലുള്ള വാമല മുരുഗൻ ക്ഷേത്രത്തിന് പകരം വാമല അയ്യൻ ക്ഷേത്രത്തിലാണ് ഞങ്ങൾ എത്തിയതെന്ന്. അമളി പറ്റിയത് മനസിലായി ഗൂഗിൾ മാപ്പിനെയും ശ്രീലാലിനെയും തെറി പറഞ്ഞെങ്കിലും, അവിടുത്തെ കാറ്റും ഉയരത്തിൽ നിന്നുള്ള പാലക്കാടിൻ്റെ ഭംഗിയും മനസ്സ് നിറച്ചു. മഴ ആയതിനാൽ ചെറിയ വഴുക്കലുള്ള പാറയിൽ കൂടി മലയിറങ്ങുമ്പോൾ ചെറുതായിട്ട് ഒന്ന് തെന്നി, ഇറങ്ങാൻ പറ്റാതെയായി പോയപ്പോൾ ശ്രീ ഞങ്ങളോട് വിറങ്ങലിച്ചു പറഞ്ഞത് ഇപ്പോഴും ചിരിയോടെയല്ലാതെ ഓർക്കാൻ പറ്റില്ല; "എടാ..നിങ്ങൾ എന്നെ നോക്കി നിൽകണ്ട..നിങ്ങൾ പൊക്കോ..ഞാൻ എങ്ങനെയെങ്കിലും വന്നേക്കാം" എന്ന്. അവളെ തിരിച്ചു പുറകിലേക്ക് വലിച്ചു ഞങ്ങൾ എല്ലാവരും ചിരിച്ചുകൊണ്ട് മലയിറങ്ങി. ഇറങ്ങുന്ന വഴി നാലഞ്ച് മുളക്കമ്പുകളുമായി അതിവേഗം മല കയറിപ്പോകുന്ന അറുപതിന് മുകളിൽ പ്രായം തോന്നുന്ന മനുഷ്യരെ കണ്ട് ഞങ്ങൾ അൽഭുതപ്പെട്ടു. മലമുകളിലെ ഉത്സവത്തിനുള്ള ഒരുക്കമാണ്. ഞങ്ങളെ ഉത്സവത്തിന് ക്ഷണിച്ചു കൊണ്ട് ഓടിയകന്ന അവരെ മല കയറി ക്ഷീണിച്ച ഞങ്ങൾ അൽഭുതത്തോടെ നോക്കി നിന്നു. ഇനി എന്തായാലും ഞങ്ങൾ വാമല മുരുഗൻ ക്ഷേത്രം കണ്ടിട്ടേ മടങ്ങൂ എന്ന വാശിയിൽ ഞങ്ങൾ അവിടെയും പോയി. മനസ്സ് നിർവൃതി അടഞ്ഞു.യാത്ര ചെയ്ത് ക്ഷീണിച്ച ഞങ്ങൾക്ക് ഭയങ്കര വിശപ്പ് ആയിരുന്നു. പിന്നീട് ഞങ്ങൾ ശ്രീലാൽ പറഞ്ഞ എൻ. എം. ആർ ബിരിയാണി കഴിക്കാനുള്ള നെട്ടോട്ടത്തിൽ ആയിരുന്നു. ജീവിതത്തിൽ കഴിച്ച ഏറ്റവും നല്ല ബിരിയാണികളിൽ ഒന്നായിരുന്നു അത്. തമിഴ് നാട് സ്റ്റൈൽ ബിരിയാണി ആയതിനാലാണോ അതിയായ വിശപ്പ് കാരണം ആണോ അത്രയും രുചി തോന്നിയത് എന്നെനിക്ക് അറിയില്ല.


ഇനി ഖസാക്ക് ആണ് ലക്ഷ്യം; വായനയിലൂടെ പ്രണയിച്ച ഖസാക്ക്. അതാ കണ്ടക്ടർ ബസിൻ്റെ ബെൽ അടിച്ചു. വഴിയമ്പലം എന്ന ബോർഡും ഒ.വി. വിജയൻ്റെ പേരുമൊക്കെ കണ്ടപ്പോൾ ഞങ്ങൾക്ക് സന്തോഷം ആയി. സ്റ്റോപ്പിലെ കടയിൽ നിന്ന്, രവി വന്നിറങ്ങിയ പോലെ ഞങ്ങളും ഓരോ നാരങ്ങ വെള്ളം അങ്ങ് കുടിച്ചു. പിന്നീട് പനകളുടെയും പാടത്തിൻ്റെയും നടുക്ക് കൂടെ ഞങ്ങൾ ഞാറ്റുപുര ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴി വെള്ളം കുടിക്കാൻ ഒരു വീട്ടിൽ കയറി. അവിടെ ഉണ്ടായിരുന്ന മുത്തശ്ശി ഞങ്ങളോട് അവരുടെയും ഭർത്താവിൻ്റെയും യാത്രകളെ കുറിച്ച് പറഞ്ഞു തുടങ്ങി. ഈ പ്രായത്തിലും യാത്രകളെ അവർ സ്നേഹിക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. അവിടെ ഉണ്ടായിരുന്നു ഒരു അഞ്ചു വയസ്സുകാരന്, ഒരു കാരണവുമില്ലാതെ പാലക്കാടെ തെരുവിൽ നിന്ന് ഞാൻ വാങ്ങി ബാഗിൽ ഇട്ട ഒരു കളിപ്പാട്ടം സമ്മാനിച്ച് ഞങ്ങൾ യാത്ര തുടർന്നു.

 മനസ്സിൽ സൂക്ഷിച്ച ഒരു ചിത്രം എന്നപോലെയുള്ള സ്ഥലം എത്തി. ആ ഞാറ്റുപുരയും അവിടെ ഉണ്ടായിരുന്ന കത്തുകളുടെയും ചിത്രങ്ങളുടെയും ശേഖരങ്ങളും എല്ലാം കണ്ട് കണ്ട്, ഞങ്ങൾ ഒ.വി. വിജയൻ്റെ  ഖസാക്കിനെ അറിഞ്ഞു.പുതുതലമുറയിലും വായനയെ സ്നേഹിക്കുന്നവർ ഉണ്ടെന്ന് കണ്ട്, അവിടെ ഉണ്ടായിരുന്ന രണ്ടുപേർ ഞങ്ങളെ അഭിനന്ദിച്ചു. അത് കേട്ടുണ്ടായ അത്ര ചെറുതല്ലാക്ക അഭിമാനത്തോടെ ഞാറ്റുപുരയ്ക്ക് ചുറ്റും ഞങ്ങൾ ഒരു വലം വെച്ചു.

തിരിച്ചുള്ള ബസ്സ് രാത്രിയേ ഉള്ളൂ എന്നതിനാൽ പാലക്കാട് ഫോർട്ടിന് അടുത്തുള്ള ഒരു പാർക്കിൽ കുറെ നേരം ഞങ്ങൾ ചിലവഴിച്ചു. നേരം ഇരുട്ടിയപ്പോൾ എല്ലാവരും ബസ്സ് സ്റ്റാൻഡിൻ്റെ അടുത്തുള്ള കടയിൽ നിന്ന് രണ്ട് മിൽക് ഷേക്ക്  കുടിച്ചു ദാഹം അകറ്റി. 

9.30യോടെ ബസ്സ് എത്തി. എല്ലാവരും ബസ്സിൽ കയറി വിശ്രമം ആരംഭിച്ചു. കുതിരൻ ടണൽ കാണാനുള്ള ആഗ്രഹത്താൽ, ടണൽ എത്താറാവുമ്പോൾ ഉറക്കത്തിൽ നിന്ന് വിളിക്കണമെന്ന് എന്നോട് പറഞ്ഞ് ഉറങ്ങിയ ശ്രീയെ എനിക്ക് ഓർമ്മയുണ്ട്. പിന്നീട് എഴുന്നേൽക്കുമ്പോൾ ചാവടിമുക്ക് എത്തിയിരുന്നു.

ഓർമിക്കാൻ ഒരു യാത്ര തന്നതിന് ഈ നാല് പേർക്കും നന്ദി.

Write a comment ...

Write a comment ...